ബംഗളൂരു വാഹനാപകടം; മരിച്ച ഏഴുപേരില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികളും, അപകടം പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിനിടെ


ബംഗളൂരു:  കർണാടക അതിർത്തിയായ ഹൊസകോട്ടെയിലെ വാഹനാപകടത്തില്‍ മരിച്ച ഏഴുപേരില്‍ രണ്ട് മലയാളികളും.യെലഹങ്ക ആർവിപിയു കോളേജിലെ മലയാളി വിദ്യാർത്ഥിയായ അശ്വിൻ നായർ (17), ഏഥന്‍ ജോര്‍ജുമാണ് മരിച്ച മലയാളികള്‍. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബെക്കിലിടിക്കുകയും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ചരക്കുലോറിയില്‍ ഇടിച്ചുകയറുകയുമായിരുന്നു.
അശ്വിനും ഏഥനും ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന അർഹാൻ ഷെരീഫ്, അയാൻ അലി (17),ഫ്രേസർ ടൗണ്‍ സ്വദേശി ഭരത് (18) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ പോയതാണെന്നാണ് വിവരം. ബൈക്ക് യാത്രികനായ ദേവനായ്ക്കഹള്ളി സ്വദേശി ഗഗനും (26) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൊസകോട്ടെയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ് ഗഗൻ.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്നവർ സഹപാഠികളാണോ അതോ സുഹൃത്തുക്കളാണോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇന്ന് പുലർച്ചെ 4.50ന് ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ചരക്കുലോറിയുടെ പിൻഭാഗത്തെ ആക്സില്‍ പൊട്ടി, ബാരിയറില്‍ ഇടിച്ച ശേഷം സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങള്‍ നടത്തിയത്.സുലിബെലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ഹൊസകോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തകർന്ന വാഹനങ്ങള്‍ ക്രെയ്‌നെത്തിച്ചാണ് പ്രധാന റോഡില്‍ നിന്നുമാറ്റിയത്.

Post a Comment

Previous Post Next Post