'ഹര്‍ത്താലാണെങ്കിലും ബസ് സമരം ആണെങ്കിലും ദിവസവും നാല് ഷോ, ആളുണ്ടായാലും ഇല്ലെങ്കിലും നാല് ആഴ്ച തീയറ്ററില്‍'; 'ദൃശ്യം 3' തിയറ്റര്‍ കരാര്‍ പുറത്ത്

മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മലയാള ചിത്രം ദൃശ്യം 3യുടെ തിയറ്റർ ഉടമകളുമായുള്ള ആശീർവാദ് സിനിമാസിന്റെ കരാർ പുറത്ത്.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ദൃശ്യം സിനിമയാണ് ചർച്ചാവിഷയം. ഏപ്രില്‍ രണ്ടിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് ദിവസവും നാല് പ്രദർശനം നടത്താന്‍ തിയറ്റർ ഉടമകള്‍ സമ്മതം മൂളിയെന്ന് ആണ് കരാറില്‍ പറയുന്നത്.
ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സ് ഓഫിസ് റെവന്യു നല്‍കാൻ തിയറ്റർ ഉടമകള്‍ സമ്മതിച്ചു. രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും ഇത് 50 ശതമാനമായും നിലനിർത്തും.
ആളുണ്ടായാലും ഇല്ലെങ്കിലും, കളക്ഷൻ കൂടിയാലും കുറഞ്ഞാലും 4 ആഴ്ചയെങ്കിലും സിനിമ തിയേറ്ററില്‍ ഓടണം. ഹോള്‍ഡ് ഓവർ, ഹർത്താല്‍, ബസ് സമരം തുടങ്ങി എന്തുണ്ടായാലും ഇതില്‍ മാറ്റം ഉണ്ടാക്കാൻ പാടില്ല. 'ദൃശ്യം 3' പ്രദർശിപ്പിക്കുന്ന തിയറ്ററുകള്‍ അഞ്ച് ലക്ഷം രൂപയാണ് മുൻകൂർ ആയി നല്‍കേണ്ടത്. സിനിമയ്ക്ക് കേരളത്തില്‍ പുലർച്ചെ ഫാൻസ് ഷോ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്. എന്നാല്‍ ഈ കാര്യങ്ങളില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മോഹൻലാല്‍ - ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യത്തിന്റെ രണ്ടു ഭാഗവും ഇരുകൈയും നീട്ടി ആണ് സ്വീകരിച്ചത്. മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടായത് മുതല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന്റെ രണ്ടു ഭാഗങ്ങളും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post