കാസര്‍കോട്:ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍കോട് കുമ്പള ആരിക്കാടി ടോള്‍ പിരിവ് നിര്‍ത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം. ടോള്‍ പ്ലാസ 48 മണിക്കൂറിനകം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വനി പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയായിരുന്നെന്നും അശ്വനി പറഞ്ഞു.
ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രതിഷേധം ആരംഭിച്ചത്. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോള്‍ ബൂത്ത് ആരംഭിച്ചത്.
രണ്ട് ടോള്‍ ബൂത്തുകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൂരം നിലനിര്‍ത്തി മാത്രമായിരിക്കും പുതിയ ടോള്‍ ബൂത്ത് പ്രവര്‍ത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നല്‍കിയിട്ടും അത് ലംഘിച്ചുകൊണ്ടായിരുന്നു ആരിക്കാടിയിലെ ടോള്‍ പിരിവ്. ഇതിനെതിരെ, പ്രദേശവാസികള്‍ ചേര്‍ന്നുള്ള ആക്ഷന്‍ കമ്മിറ്റിയുടെ ഹരജി കോടതി പരിഗണനയില്‍ നില്‍ക്കെയായിരുന്നു ടോള്‍ പിരിവ്. ജനകീയ സമരത്തിന്റെ വിജയമാണ് ആരിക്കാടിയിലെ ടോള്‍ നിര്‍ത്താനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു.
Post a Comment