ബംഗളൂരു: കർണാടകയിലെ ബലഞ്ജെയില്‍ സ്‌കൂള്‍ വിദ്യാർത്ഥികളെ ചരക്കുവാഹനങ്ങളില്‍ വിനോദയാത്രയ്ക്ക് കൊണ്ടുപോയ സംഭവത്തില്‍ സ്‌കൂള്‍ ഇൻ-ചാർജ് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു.ബലഞ്ജെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ അധ്യാപകൻ കിരണിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഫെബ്രുവരി 11-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അധികൃതർ ഇടപെട്ടത്.
എഴുപതോളം വിദ്യാർത്ഥികളെയും ഏതാനും അധ്യാപകരെയുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും യാത്ര ചെയ്യിച്ചത്. നല്‍കൂറിനടുത്തുള്ള ഒരു തേനീച്ച വളർത്തല്‍ ഫാം സന്ദർശിക്കാനാണ് കുട്ടികളെ കൊണ്ടുപോയത്.
പൊരിവെയിലത്ത് അപകടകരമായ രീതിയില്‍ കുട്ടികള്‍ ചരക്ക് വാഹനങ്ങളില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷിതാക്കളും നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
ചില പൂർവ്വ വിദ്യാർത്ഥികള്‍ യാത്രയ്ക്കായി വാഹനങ്ങള്‍ സൗജന്യമായി വിട്ടുനല്‍കിയതാണെന്നും രക്ഷിതാക്കളുടെ സമ്മതമുണ്ടായിരുന്നു എന്നുമാണ് പ്രധാനാധ്യാപകൻ ബിഇഒയ്ക്ക് നല്‍കിയ വിശദീകരണം.
എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ സർവീസില്‍ നിന്നും സസ്‌പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Post a Comment