കണ്ണൂർ :തളിപ്പറമ്പ ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ വിദ്യാർഥികളുമായി നടന്ന മുഖാമുഖം പരിപാടിയില്‍ വിദ്യാഭ്യാസ രംഗത്തെ നിർണായക പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
വിദ്യാർഥികളുടെ സർഗശേഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക കമ്മിറ്റി രൂപീകരിച്ച്, തെരഞ്ഞെടുക്കുന്ന രചനകള്‍ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ് ഫെസ്റ്റിവല്‍ വേദിയില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ വിദ്യാർഥികളുമായി നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിക്കാത്ത വിദ്യാർഥികളുടെ രചനകള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച് സ്‌കൂള്‍ ലൈബ്രറികളില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികള്‍ രചിക്കുന്ന പുസ്തകങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന കടന്നപ്പള്ളി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ലക്ഷ്മിക മനോജിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വിദ്യാർഥികള്‍ വിദേശത്ത് ഉപരിപഠനത്തിനായി പോകുന്ന പ്രവണത കുറക്കുന്നതിനെക്കുറിച്ച് സദസില്‍ ചോദ്യം ഉയർന്നു. നിലവില്‍ ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളതെന്നും പൊതുവിദ്യാഭ്യാസം, തൊഴില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ചേർന്ന് മികച്ച സംവിധാനങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വളർന്നു കൊണ്ടിരിക്കുന്ന വിജ്ഞാന ശൃംഖലയ്ക്കനുസൃതമായി പാഠപുസ്തകങ്ങള്‍ എല്ലാവർഷവും പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുന്ന സംവിധാനം സംസ്ഥാനത്ത് കൊണ്ടുവരാനുള്ള ആലോചനകള്‍ നടത്തുമെന്നും കുട്ടികളിലെ കാർഷിക താല്‍പര്യം വളർത്തിയെടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.
Post a Comment