കേരളത്തില്‍ ആദ്യമായി റെയില്‍വേ കോച്ച്‌ റസ്റ്റോറൻ്റുകള്‍; ആദ്യം പയ്യന്നൂരും പാലക്കാട് ടൗണിലും


പയ്യന്നൂർ: റെയില്‍വേ യാത്രാനുഭവത്തിന് പുതിയ രുചി ചേർത്ത് കേരളത്തില്‍ ആദ്യമായി റെയില്‍വേ കോച്ചുകള്‍ റസ്റ്റോറൻ്റുകളാക്കുന്ന പദ്ധതി നടപ്പാക്കുന്നു.പയ്യന്നൂർ റെയില്‍വേ സ്റ്റേഷൻ, പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഓരോ സ്റ്റേഷനിലും ഒരു കോച്ച്‌ വീതം ഭക്ഷണശാലയായി മാറ്റുന്നത്.
ഈ പദ്ധതിക്കായി ഷൊർണുരില്‍ നിന്ന് പഴയ റെയില്‍വേ കോച്ചുകള്‍ ഉടൻ സ്റ്റേഷനുകളിലെത്തിക്കും. കോച്ചുകള്‍ പൂർണമായും നവീകരിച്ചായിരിക്കും റസ്റ്റോറൻ്റുകളാക്കി മാറ്റുക.
റസ്റ്റോറൻ്റുകളുടെ നടത്തിപ്പിന് അഞ്ചു വർഷത്തേക്കാണ് കരാർ നല്‍കിയിരിക്കുന്നത്. റെയില്‍വേയുടെ കമേഴ്സ്യല്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. കോച്ചിന്റെ ഉള്‍ഭാഗം ഒരു ആധുനിക റസ്റ്റോറൻ്റിന് സമാനമായി രൂപകല്‍പ്പന ചെയ്യും. ഇരിപ്പിടങ്ങള്‍, അടുക്കള സംവിധാനം, ലൈറ്റിംഗ് തുടങ്ങിയവയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തും.
റെയില്‍വേയുടെ വൈവിധ്യവത്കരണ നയത്തിന്റെ ഭാഗമായി, ഉപയോഗശൂന്യമായ പഴയ കോച്ചുകളെ വരുമാനമാർഗങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ പരിധിയില്‍ ബംഗളുരു, ഹുബള്ളി സ്റ്റേഷനുകളില്‍ ഇതിനകം കോച്ച്‌ റസ്റ്റോറൻ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്.

Post a Comment

Previous Post Next Post