കനല്‍വഴികള്‍ താണ്ടി മകനെ താരമാക്കി; റിങ്കു സിംഗിന്റെ അച്ഛൻ ഖൻചന്ദ്ര സിംഗ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ്ര സിംഗ് അന്തരിച്ചു എന്ന വാർത്ത കായിക ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം നോയിഡയിലെ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. പിതാവിന്റെ വിയോഗത്തെത്തുടർന്ന് ലോകകപ്പ് ടീമിനൊപ്പമായിരുന്ന റിങ്കു ചെന്നൈയിലെ ക്യാമ്പ് വിട്ട് ഡല്‍ഹിയിലേക്ക് തിരിച്ചു.
റിങ്കു സിംഗ് എന്ന പോരാളിയെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിക്കുന്നതില്‍ ഖൻചന്ദ്ര സിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഒരു ഗ്യാസ് സിലിണ്ടർ വിതരണക്കാരനായി ജോലി ചെയ്താണ് അദ്ദേഹം മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് തണലായത്.
മകൻ ഇന്ത്യൻ കുപ്പായത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വന്തം ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. റിങ്കുവിന് സമ്മാനമായി ലഭിച്ച ബൈക്കില്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ മുൻപ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവില്‍ ലോകകപ്പ് ടീമിന്റെ ഭാഗമായ റിങ്കു, പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സിംബാബ്‌വെക്കെതിരായ മത്സരത്തിന് മുന്നോടിയായി നാട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അന്ത്യനിമിഷങ്ങളില്‍ പിതാവിനരികിലെത്താൻ താരം വീണ്ടും യാത്ര തിരിക്കുകയായിരുന്നു. ടീം കോമ്പിനേഷനിലെ മാറ്റങ്ങള്‍ കാരണം കഴിഞ്ഞ മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി റിങ്കു മൈതാനത്തിറങ്ങിയിരുന്നു.

Post a Comment

Previous Post Next Post