യാത്രക്കാര്‍ക്ക് വലിയ ആശ്വാസം, വിമാനടിക്കറ്റ് റദ്ദാക്കലില്‍ വൻ ഇളവുകള്‍; പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച്‌ വ്യോമയാന മന്ത്രാലയം


യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കുന്ന രീതിയില്‍ വിമാനടിക്കറ്റ് റദ്ദാക്കല്‍ (Cancellation) നിയമങ്ങളില്‍ വ്യോമയാന മന്ത്രാലയം സുപ്രധാന മാറ്റങ്ങള്‍ വരുത്തി.ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താല്‍ ഇനി മുതല്‍ ക്യാൻസലേഷൻ ചാർജ് നല്‍കേണ്ടതില്ല. എന്നാല്‍, ആഭ്യന്തര യാത്രകള്‍ക്ക് ചുരുങ്ങിയത് 7 ദിവസം മുൻപും അന്താരാഷ്ട്ര യാത്രകള്‍ക്ക് 15 ദിവസം മുൻപും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ നല്‍കുന്നതിലും (Refund) കർശനമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഒരാഴ്ചയ്ക്കുള്ളിലും, ട്രാവല്‍ ഏജന്റുമാർ വഴിയാണെങ്കില്‍ 14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലും പണം തിരികെ നല്‍കണം. എയർലൈൻസ് ഓഫീസുകളില്‍ നിന്ന് നേരിട്ട് പണം നല്‍കിയെടുത്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി പണം തിരികെ നല്‍കണമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്. കൂടാതെ, ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യൂസർ ഡെവലപ്‌മെന്റ് ഫീ (UDF), എയർപോർട്ട് ഡെവലപ്‌മെന്റ് ഫീ (ADF) എന്നിവയും യാത്രക്കാരന് തിരികെ നല്‍കണം.
ബുക്കിംഗ് സമയത്ത് തന്നെ ക്യാൻസലേഷൻ ഫീ എത്രയായിരിക്കുമെന്ന് യാത്രക്കാരെ കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് നിർദ്ദേശം നല്‍കി. വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത ചാർജുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനും യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുമാണ് ഈ നടപടി. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിമാനയാത്ര കൂടുതല്‍ സുതാര്യവും യാത്രക്കാർക്ക് സാമ്പത്തികമായി ലാഭകരവുമാകുമെന്നാണ് കരുതപ്പെടുന്നത്.

Post a Comment

Previous Post Next Post