"ഇനി നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റല്ല, കാര്‍ഡ്"; ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം


കേരള സർക്കാർ പുറത്തിറക്കുന്ന പുതിയ നേറ്റിവിറ്റി കാർഡിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവില്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായാണ് ഫോട്ടോ പതിച്ച കാർഡ് വിതരണം ചെയ്യുന്നത്.ഇതിനായുള്ള ബില്‍ നടപ്പ് നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ നേരത്തെ വകയിരുത്തിയിരുന്നു. തഹസില്‍ദാർമാർക്കായിരിക്കും കാർഡ് വിതരണം ചെയ്യാനുള്ള ചുമതല.
തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും, കേരളത്തിന് പുറത്ത് ജനിച്ചവരാണെങ്കിലും മാതാപിതാക്കള്‍ കേരളീയരായവർക്കും ഈ കാർഡിന് അർഹതയുണ്ടാകും. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം കേരളത്തില്‍ ജനിച്ചവരാണെങ്കിലും വിവാഹശേഷം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവർക്കും നേറ്റിവിറ്റി കാർഡ് ലഭിക്കും. ഫോട്ടോ പതിച്ച രേഖയായതിനാല്‍ വിവിധ സർക്കാർ സേവനങ്ങള്‍ക്ക് ഇതൊരു ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കാൻ സാധിക്കുമെന്നത് ഇതിന്റെ വലിയൊരു സവിശേഷതയാണ്.
തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ പൗരത്വ സംബന്ധമായ ആശങ്കകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റർ പോലുള്ള നടപടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ഭീതി അകറ്റാൻ നേറ്റിവിറ്റി കാർഡ് സഹായകരമാകുമെന്ന് ബജറ്റില്‍ സർക്കാർ വ്യക്തമാക്കിയിരുന്നു. കേരളീയരുടെ അസ്തിത്വം ഉറപ്പാക്കുന്നതിനൊപ്പം ഭരണപരമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനും ഈ പുതിയ പരിഷ്കാരം വഴി സാധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post