ജീവിതത്തില്‍ ചിലപ്പോള്‍ നാം സ്തംഭിച്ചുപോകുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്. ഉദാഹരണത്തിന്, വിദേശത്തൊരു വിനോദസഞ്ചാര കേന്ദ്രത്തില്‍ നില്‍ക്കുമ്പോള്‍ നാട്ടിലെ ഒരു പഴയ സുഹൃത്തിനെ അപ്രതീക്ഷിതമായി കാണുന്നു.
അല്ലെങ്കില്‍ ഒരു ലോട്ടറി നമ്പറിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ടിവിയില്‍ ആ നമ്പർ തെളിയുന്നു. ഇത്തരം കാര്യങ്ങളെ നാം 'ദൈവികം' എന്നോ 'വിധി' എന്നോ വിളിക്കാറുണ്ട്. എന്നാല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇതിനെ വിശേഷിപ്പിക്കുന്നത് 'നിയമപരമായ സാധ്യതകള്‍' (The Law of Large Numbers) എന്നാണ്. ലോകത്ത് കോടിക്കണക്കിന് ആളുകള്‍ ഉള്ളപ്പോള്‍, ഇത്തരം ചെറിയ സാധ്യതകള്‍ എവിടെയെങ്കിലും സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രം പറയുന്നു.
മസ്തിഷ്കത്തിന്റെ അരിപ്പ
ഒരു പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാല്‍ റോഡിലിറങ്ങുമ്പോള്‍ ആ മോഡല്‍ കാറുകള്‍ മാത്രം കണ്ണില്‍പ്പെടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിനെ 'ബാഡർ-മെയ്ൻഹോഫ് പ്രതിഭാസം' എന്ന് വിളിക്കുന്നു. നമ്മുടെ മസ്തിഷ്കം ഓരോ നിമിഷവും ലക്ഷക്കണക്കിന് വിവരങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ മിക്കതും അത് അവഗണിക്കും. നമ്മള്‍ ഒരു കാര്യത്തിന് പ്രാധാന്യം നല്‍കിക്കഴിഞ്ഞാല്‍, മസ്തിഷ്കം ആ വിവരത്തെ തിരഞ്ഞുപിടിക്കാൻ തുടങ്ങും. മുൻപ് അവിടെയുണ്ടായിരുന്നിട്ടും നാം ശ്രദ്ധിക്കാത്ത കാര്യങ്ങള്‍ പെട്ടെന്ന് പുതിയതായി തോന്നുന്നത് മസ്തിഷ്കത്തിന്റെ ഈ 'ഫില്‍ട്ടറിംഗ്' പ്രക്രിയ മൂലമാണ്.
ലിറ്റില്‍വുഡ് നിയമം
പ്രശസ്ത, കേംബ്രിഡ്ജ് ഗണിതശാസ്ത്രജ്ഞനായ ജെ.ഇ. ലിറ്റില്‍വുഡ് ഒരു രസകരമായ സിദ്ധാന്തം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം, ഒരു സാധാരണ മനുഷ്യൻ ദിവസവും എട്ടു മണിക്കൂർ സജീവമായിരിക്കുമ്പോള്‍ ഓരോ സെക്കൻഡിലും ഓരോ സംഭവങ്ങള്‍ വീതം ശ്രദ്ധിക്കുന്നു. ഒരു മാസം ഏകദേശം പത്തുലക്ഷം സംഭവങ്ങള്‍ ഒരാള്‍ കാണുന്നു. ഒരു ദശലക്ഷത്തില്‍ ഒന്ന് മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഒരു കാര്യം അതായത് ഒരു അത്ഭുതം ശരാശരി ഒരു മാസത്തില്‍ ഒരിക്കല്‍ വീതം നമ്മുടെ ജീവിതത്തില്‍ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഇത് തെളിയിക്കുന്നു. അതായത്, അത്ഭുതങ്ങള്‍ സംഭവിക്കുന്നത് സാധാരണമായ ഒരു കാര്യമാണ്!
Post a Comment