തിരുവനന്തപുരം: തിരുവനന്തപുരം എആർ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കോവളം വെള്ളാർ ഒലിപ്പുവിള സ്വദേശിയായ അഖില്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രണ്ടര വർഷം മുൻപ് പൊലീസ് സേനയില്‍ പ്രവേശിച്ചയാളാണ് അഖില്‍.
വയനാട് സ്വദേശിനിയായ ഒരു യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഈ യുവതിയെ ഒരു വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. യുവതിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തി മൃതദേഹം കണ്ട ശേഷം അഖില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം ക്യാംപിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അഖില്‍ പുറത്തിറങ്ങിയത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തി. മകൻ പെട്ടെന്ന് മടങ്ങിവന്നതിനെക്കുറിച്ച് മാതാവ് തിരക്കിയെങ്കിലും വ്യക്തമായ മറുപടി നല്‍കിയില്ല. തുടർന്ന് പുലർച്ചെ രണ്ടേകാലോടെ സുഹൃത്തിന് വാട്സാപ്പില്‍ ഒരു സന്ദേശം അയച്ചു. കാർ വാങ്ങിയ വിവരങ്ങളും പോസ്റ്റ് ഓഫിസിലുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള കണക്കുകളും സന്ദേശത്തില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment