പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച്‌ മരണം; ഇന്ത്യൻ വിദ്യാര്‍ഥിയുടെ കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം

അമേരിക്കിലെ സിയാറ്റിലില്‍ അമിതവേഗതയിലെത്തിയ പൊലീസ് ഓഫീസറുടെ വാഹനമിടിച്ച്‌ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ കുടുംബത്തിന് 29 മില്യണ്‍ ഡോളർ (ഏകദേശം 260 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ട്.2023 ജനുവരി 23നാണ് സിയാറ്റിലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ജാൻവി കണ്ടുല (23) എന്ന വിദ്യാർഥി വാഹനമിടിച്ച്‌ മരിച്ചത്.
മണിക്കൂറില്‍ 74 മൈല്‍ (119 കി.മീ) വേഗതയില്‍ വാഹനം ഓടിച്ച പൊലീസ് ഓഫീസർ ഓഫീസർ കെവിൻ ഡേവ് ജാൻവിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഏകദേശം 100 അടി ദൂരത്തേക്ക് തെറിച്ചുപോയ ജാൻവി തല്‍ക്ഷണം മരിച്ചു. സിയാറ്റില്‍ നഗരസഭയാണ് നഷ്ടപരിഹാരം നല്‍കാൻ തീരുമാനിച്ചത്.
"ജാൻവി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം കണ്ടുലയുടെ കുടുംബത്തിന് ആശ്വാസമാകുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാൻവി കണ്ടുലയുടെ ജീവിതത്തിന് മൂല്യമുണ്ടായിരുന്നു. അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നമ്മുടെ സമൂഹത്തിനും അത് പ്രധാനപ്പെട്ടതായിരുന്നു."
സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പറഞ്ഞതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. നഷ്ടപരിഹാര തുകയുടെ ഏകദേശം 20 മില്യണ്‍ ഡോളറും നഗരത്തിന്റെ ഇൻഷുറൻസ് വഴി ലഭ്യമാകുമെന്നാണ് കരുതുന്നത്.
അപകടത്തിന് പിന്നാലെ ഡാനിയല്‍ ഔഡറർ എന്ന മറ്റൊരു പൊലീസ് ഓഫീസർ നടത്തിയ പരാമർശങ്ങള്‍ പിന്നീട് വിവാദമായിരുന്നു. പുറത്തുവന്ന വീഡിയോയില്‍, സംഭവത്തെക്കുറിച്ച്‌ വിവരിക്കുമ്പോള്‍ ഔഡറർ ചിരിക്കുന്നത് കേള്‍ക്കാമായിരുന്നു."അവള്‍ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചു വീണുവെന്ന് തോന്നുന്നു, വിൻഡ്ഷീല്‍ഡില്‍ ഇടിച്ച്‌ അയാള്‍ ബ്രേക്ക് ഇട്ടപ്പോള്‍ കാറില്‍ നിന്ന് തെറിച്ചുപോയി... പക്ഷേ അവള്‍ മരിച്ചു," എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അയാളുടെ വാക്കുകള്‍. ഈ പ്രതികരണം കടുത്ത പൊതുജനരോഷത്തിനും പൊലീസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. തുടർന്ന് ഔഡററിനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു.
ജാൻവി കണ്ടുലയെ പിന്നീട് നോർത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി ആദരിക്കുകയും, അക്കാദമിക് നേട്ടങ്ങള്‍ പരിഗണിച്ച്‌ മരണാനന്തര ബിരുദാനന്തര ബിരുദം നല്‍കുകയും ചെയ്തു.

Post a Comment

Previous Post Next Post