തിരുവനന്തപുരം : അങ്കണവാടി ജീവനക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ആശ്വാസമായി പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം.പെൻഷൻ വിതരണത്തിനായി 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി വർക്കർമാരും ഹെല്‍പ്പർമാർക്കുമാണ് പണം ലഭിക്കുക . കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധിയിലായ പെൻഷൻ വിതരണം ഈ തുക അനുവദിച്ചതോടെ പുനരാരംഭിക്കും.നിലവില്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശിക ഈ തുക ഉപയോഗിച്ച് മുൻഗണനാക്രമത്തില്‍ ഉടൻ വിതരണം ചെയ്യും.
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കല്‍ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നല്‍കുന്നതിനാണ് സഹായം ആവശ്യപ്പെട്ടത്.
ബോർഡ്, സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം 4. 26 കോടി രൂപ വേണം. ഇതിന് മുമ്പ് 2025 നവംബറില്‍ 20 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
Post a Comment