വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍; 21കാരിയുടെ നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത


കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിനുള്ളില്‍ കോളജ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാർ, ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്.
തൂങ്ങിയ നിലയിലാണ് ശ്രീനന്ദയെ കണ്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.

കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിയാണ് ശ്രീനന്ദ. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദ കോളജില്‍ നിന്ന് വീട്ടിലെത്തിത്. തുടർന്ന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാൻ മാതാപിതാക്കള്‍ വിളിച്ചെങ്കിലും വിദ്യാർഥിനി പോയിരുന്നില്ല.

ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയെത്തിയ അച്ഛനാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടത്. ജനലിലൂടെ നോക്കിയപ്പോള്‍ മകള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടു. തുടർന്ന് സമീപവാസിക്കൊപ്പം വാതില്‍ തകർത്ത് വീട്ടിനുള്ളില്‍ കയറി. ഉടൻ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുണ്ടെന്നാണ് റിപ്പോർട്ട്. ഇതാണ് ദുരൂഹത ഉയർത്തുന്നത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റക്കല്ല, ആവശ്യമെന്ന് തോന്നിയാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്പരുകള്‍ - 1056, 0471- 2552056)

Post a Comment

Previous Post Next Post