തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി.ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം.
1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് സംബന്ധിച്ച വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ടും ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു.

Post a Comment