തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടർ ചമഞ്ഞ യുവതി പിടിയില്‍. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവേ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.ഇവ എന്ന യുവതിയാണ് പിടിയിലായത്. രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കടന്നുകൂടിയ യുവതി സീനിയർ റസിഡന്‍റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്.
പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഇങ്ങനെ ഒരാളെ കണ്ടതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ ഇവർ ലിഫ്റ്റില്‍ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടികെട്ടുകള്‍ ഇറങ്ങി താഴെ വന്ന് കാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി.
തുടർന്ന് പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയില്‍ ഇവർ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നിന്നും പുറത്തിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ വനിതാ സെക്യൂരിറ്റി ജീവനക്കാർ പിടികൂടുകയായിരുന്നു. തുടർന്ന്, വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവർ പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോള്‍ പേരൂർക്കടയില്‍ താമസമാണെന്നുമാണ് ഇവർ പറയുന്നത്. ഭർത്താവ് ശ്രീചിത്രയിലാണ് ജോലിയെടുക്കുന്നതെന്നും മൊഴി നല്‍കി.തുടർന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. ഇവർ പറയുന്ന പേരും സ്ഥലവും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്താലേ ശരിയായ വിലാസവും മറ്റും ലഭിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
Post a Comment