ഡല്‍ഹി: വിജയ് ചിത്രം ജനനായകന് തിരിച്ചടി. ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിച്ചില്ല.
മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർമാതാക്കളോട് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇതോടെ ചിത്രത്തിന്‍റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി. പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കാനിരിക്കുകയാണ്.
ഈ ഘട്ടത്തില്‍ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജിയില്‍ ഇടപെടാൻ വിസമ്മതിച്ചത്.
നേരത്തെ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/ എ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെൻസർ ബോർഡിന്‍റെ ചെയർമാൻ നല്‍കിയ ഹർജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീംകോടതി നിരീക്ഷിച്ചു. ജനുവരി 9നാണ് ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. ജസ്റ്റിസ് പി.ടി. ആശയാണ് ഉത്തരവിട്ടത്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർമാന്‍റെ തീരുമാനവും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.
Post a Comment