വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് കിട്ടാനും ഇപ്പോള്‍ കടമ്പകളായി. രാജ്യ തലസ്ഥാനത്തും മറ്റും പുക മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുക പരിശോധനകള്‍ കൂടുതല്‍ കർശനമാക്കിയിട്ടുള്ളത്.
പുതിയ വ്യവസ്ഥയനുസരിച്ച് വാഹന പുകപരിശോധന നടത്തണമെങ്കില്‍ ആർസി ബുക്കും ആർസി ഉടമയുടെ ആധാർ കാർഡും വേണം. ആർസി ബുക്കില്‍ ചേർത്തിട്ടുള്ള ഫോണും കരുതണം.
ആ ഫോണിലേക്കാണ് പരിശോധന നടപടികളുടെ ഭാഗമായുള്ള ഒടിപി നമ്പർ വരിക. സെൻട്രല്‍ മോട്ടോർ വെഹിക്കിള്‍ നിയമപ്രകാരമാണ് പുകപരിശോധന നടത്തുന്നത്. പരിശോധനയില്‍ നിർദേശിച്ചതിലും കൂടുതല്‍ പുകയുണ്ടെങ്കില്‍ പരിശോധന വിജയിക്കില്ല. കൃത്രിമം കാട്ടി പുക സർട്ടിഫിക്കറ്റ് സമ്പാദിക്കാനും കഴിയില്ല. പരിശോധനയില്‍ കണ്ടെത്തുന്ന അളവുകള്‍ എംവിഡി സൈറ്റില്‍ അപ്ലോഡ് ചെയ്യണം.തുടർന്ന് സബ്മിറ്റ് ചെയ്ത് പ്രിന്റ് കൊടുത്താല്‍ മാത്രമെ പരിശോധന പൂർണമാകൂ. പരിശോധന പരാജയപ്പെട്ടാല്‍ വാഹനം മെക്കാനിക്കിന്റെ പരിശോധനകള്‍ക്ക് വിധേയമാക്കി പുകയുടെ അളവ് കുറയ്ക്കണം. ഒരുതവണ പുക പരിശോധന പരാജയപ്പെട്ടാല്‍ പിന്നെ 24 മണിക്കൂറിനു ശേഷമെ വീണ്ടും പരിശോധന നടത്താൻ കഴിയൂ. ഓരോ തവണ പരിശോധന നടത്തുമ്പോഴും ഫീസ് ഈടാക്കും.
പുക പരിശോധന കേന്ദ്രങ്ങള്‍ക്കും പുതിയ വ്യവസ്ഥകള്‍ അധികചെലവുണ്ടാക്കിയിട്ടുണ്ട്. പലയിടത്തും കൂടുതല്‍ സ്റ്റാഫിനെ നിയമിക്കേണ്ടി വന്നതായും പറയുന്നു. മുമ്പൊക്കെ പുക പരിശോധന ഒരു പണിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതും രേഖകളുടെ പിൻബലത്തിലായി.
Post a Comment