ഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സംസ്ഥാന സർക്കാരുകള്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
തെരുവുനായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നവർക്കും അവയെ സംരക്ഷിക്കുന്ന സംഘടനകള്‍ക്കും ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കർശന നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാർഗനിർദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാരുകളുടെ ഈ അനാസ്ഥ കാരണം കുട്ടികളും പ്രായമായവരും നിരന്തരം ആക്രമിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുന്ന പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും സംസ്ഥാന സർക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന് കോടതി ഓർമ്മിപ്പിച്ചു."ഒൻപത് വയസ്സുള്ള ഒരു കുട്ടിയെ തെരുവുനായ ആക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിത്തം ഏല്‍ക്കേണ്ടത്? അവയ്ക്ക് ഭക്ഷണം നല്‍കുന്ന സംഘടനകളാണോ? ഈ പ്രശ്നത്തിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല," കോടതി നിരീക്ഷിച്ചു. തെരുവുനായ്ക്കളെ പോറ്റുന്നവർക്കും തീറ്റ നല്‍കുന്നവർക്കും അവയുടെ പ്രവർത്തികളില്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങള്‍
നായ്ക്കളുടെ ശല്യം മുൻപത്തേക്കാള്‍ ആയിരം മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. പാർക്കുകളില്‍ നടക്കാനിറങ്ങുന്നവർ പോലും ആക്രമിക്കപ്പെടുന്നു. തെരുവുനായ ശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാരുകളുടെ പക്കല്‍ വ്യക്തമായ കർമ്മപദ്ധതി ഉണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
റോഡുകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യാൻ അധികാരികളോട് നിർദ്ദേശിച്ച 2025 നവംബർ 7-ലെ ഉത്തരവ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഗുജറാത്തില്‍ നിന്നുള്ള ഒരു അഭിഭാഷകനെ പാർക്കില്‍ വെച്ച് നായ കടിച്ചതും, അത് തടയാൻ വന്നവരെയും നായ ആക്രമിച്ച സംഭവവും കോടതി എടുത്തുപറഞ്ഞു. തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഊന്നിപ്പറഞ്ഞു.
Post a Comment