ഫെബ്രുവരി 12 ന് രാജ്യം നിശ്ചലമാകും : തൊഴിലാളി-കർഷക ഐക്യത്തോടെ ദേശീയ പണിമുടക്ക്




ഡല്‍ഹി: ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്.
തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകള്‍ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശം പിൻവലിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പനയും, ആസ്തി വില്‍പ്പനയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയടക്കം വിവിധ കർഷക സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് സിഐടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു.
രാജ്യത്തെ 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ ഫെഡറേഷനുകളും, ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, കേന്ദ്ര സംസ്ഥാന ജീവനക്കാരും, അധ്യാപകരും ചേർന്നാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കർഷക മോർച്ചയും, മഹിളാ-യുവജന- വിദ്യാർത്ഥി സംഘടനകളും, പണിമുടക്കിന്റെ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കേരളത്തില്‍ വിവിധ തൊഴില്‍ മേഖലകളായ പരമ്പരാഗത-കശുവണ്ടി-കയർ-കൈത്തറി-മത്സ്യബന്ധനവും-വിപണനവും-സംസ്ഥാനത്തെ വാണിജ്യ-വ്യാപാര-സ്ഥാപനങ്ങളിലും, കട കമ്പോളങ്ങളില്‍ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങള്‍,സ്വകാര്യ വ്യവസായങ്ങള്‍, കയറ്റിറക്ക് തൊഴിലാളികള്‍, നിർമ്മാണ തൊഴിലാളികള്‍, സ്‌കീം വർക്കർമാർ, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോർ വാഹനങ്ങള്‍, ഓണ്‍ലൈൻ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികള്‍ 24 മണിക്കൂർ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കും.

Post a Comment

Previous Post Next Post