അധ്യയനത്തെ ബാധിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കരുത് -മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : വോട്ടർ പട്ടിക പുതുക്കല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എൻ.എസ്.എസ്, എൻ.സി.സി വോളന്റിയർമാരായ വിദ്യാർഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യയനം പൂർണതോതില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാനമായ പരീക്ഷകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ 10 ദിവസത്തിലധികം വിദ്യാർഥികളെ ക്ലാസുകളില്‍ നിന്ന് മാറ്റിനിർത്തി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച്‌ വിദ്യാർഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പാഠ്യേതര പ്രവർത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും എൻ.എസ്.എസ്/എൻ.സി.സി എന്നിവ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും അധ്യയന ദിവസങ്ങളില്‍ തുടർച്ചയായി ക്ലാസ് നഷ്ടപ്പെടുത്തി ഓഫിസ് ജോലികള്‍ക്കും ഫീല്‍ഡ് വർക്കുകള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ലെന്നും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവഹണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post