കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിന്റെ മതിലിന് മുകളിലൂടെ ലഹരിയെറിഞ്ഞു നല്‍കുന്ന സംഘത്തിലെ തലവൻ അറസ്റ്റില്‍. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി കെ.പി.
മജീഫിനെ (31) ആണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ എസ്.ഐ പി. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ അത്താഴക്കുന്നിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പിടികൂടുകയായിരുന്നു. തടവുകാർക്ക് മൊബൈല്‍ ഫോണ്‍, പുകയില, ബീഡി എന്നിവ കൊടുക്കാനുള്ള ശ്രമത്തിനിടെ കണ്ണൂർ പനങ്കാവിലെ കെ. അക്ഷയ്‌യെ (27) കഴിഞ്ഞമാസം 24ന് ജയില്‍ ജീവനക്കാർ പിടികൂടി പൊലീസില്‍ ഏല്പിച്ചിരുന്നു. ജയിലിനു മുൻവശത്തെ വളപ്പില്‍ കയറി മതിലിനു മുകളിലൂടെ ലഹരി നല്‍കാനായിരുന്നു ശ്രമം. സി.സി ടി.വി യിലൂടെ പ്രതികളെ കണ്ട ജയില്‍ ജീവനക്കാരെത്തുമ്ബോഴേക്കും അക്ഷയ്‌യുടെ കൂടെയുണ്ടായിരുന്ന ഇപ്പോള്‍ അറസ്റ്റിലായ മജീഫും മറ്റൊരാളും കടന്നുകളഞ്ഞു. ഓടുന്നതിനിടെ വീണതോടെയാണ് അക്ഷയ് പിടിയിലായത്.
സംഘത്തിലെ മൂന്നാമൻ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കരിപ്പൂർ, മയ്യില്‍ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം ഉള്‍പ്പെടെ അഞ്ച് കേസുകളില്‍ പ്രതിയായ മജീഫ് മുമ്ബ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഈ സമയത്തുണ്ടായ ബന്ധം ഉപയോഗപ്പെടുത്തിയാണ് ജയിലില്‍ ലഹരി എത്തിച്ചു നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കക്കാട് ഭാഗത്ത് ഇയാളുടെ നേതൃത്വത്തില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണും കണ്ടെത്തിയിട്ടുണ്ട്.
Post a Comment