മെഗാസ്റ്റാർ മമ്മൂട്ടി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ വിവരം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.താൻ ഏറെ ഇഷ്ടപ്പെടുന്ന അഭിനയ ലോകത്തേക്ക് മടങ്ങിയെത്തിയതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് താരം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
"ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാൻ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ തിരിച്ചെത്തിയിരിക്കുന്നു," മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കൂടാതെ, തന്റെ അഭാവത്തില്‍ അന്വേഷിച്ച എല്ലാ ആരാധകർക്കും നന്ദി അറിയിക്കുകയും, "ക്യാമറ വിളിക്കുന്നു" എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയെന്ന വാർത്ത ഓഗസ്റ്റ് 19-നാണ് പുറത്തുവന്നത്. ഹൈദരാബാദില്‍ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലേക്ക് നാളെ മമ്മൂട്ടി എത്താനിരിക്കെ, താരത്തിന്റെ പ്രശസ്തമായ ഡയലോഗുകളും സിനിമാ രംഗങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
സിനിമയില്‍ സജീവമായതിന് ശേഷം മമ്മൂട്ടി വീട്ടില്‍ ഇരുന്നത് ചുരുക്കം ചില സന്ദർഭങ്ങളില്‍ മാത്രമാണ്. കോവിഡ് കാലഘട്ടത്തിലും പിന്നീട് ഇക്കഴിഞ്ഞ ഏഴുമാസത്തെ ചികിത്സാ സമയത്തും മാത്രമാണ് അദ്ദേഹം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ അസംഖ്യം കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവൻ നല്‍കി. പ്രായത്തെ വെല്ലുവിളിച്ച്, സ്റ്റൈല്‍ ഐക്കണായി ബിഗ് സ്ക്രീനിന് പുറത്തും തലമുറകള്‍ക്ക് പ്രചോദനമായി നിലകൊള്ളുന്ന ഈ നടൻ, അല്‍പകാലത്തെ വിശ്രമത്തിന് ശേഷം വീണ്ടും പരകായപ്രവേശത്തിൻ്റെ വിസ്മയ കാഴ്ചകളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. പുതിയ പ്രോജക്റ്റുകളിലൂടെയുള്ള മമ്മൂട്ടിയുടെ ഈ യാത്ര വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
Post a Comment