ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് ‍ഞായറാഴ്ച തുടക്കം


തിരുവനന്തപുരം: ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവർത്തികള്‍ ഞായറാഴ്ച തുടങ്ങും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നാലിന് ആനക്കാംപൊയില്‍ സെന്‍റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. മന്ത്രിമാരായ കെ.എൻ.ബാലഗോപാല്‍, എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എന്നിവർ വിശിഷ്ടാതിഥികളാകും.

പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണച്ചെലവ് 2134.5 കോടി രൂപയാണ്. 8.73 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണല്‍ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.

ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായാണ് നിർമാണം പൂർത്തീകരിക്കുക. പാലവും അപ്രോച്ച്‌ റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിർമാണം രണ്ടാമത്തെ പാക്കേജിലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്‍റിലേഷൻ, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട്ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.

കഴിഞ്ഞ സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്കു തുടക്കമിട്ടത്. ഒട്ടേറെ കടമ്ബകള്‍ കടന്നാണ് അനുമതി നേടിയത്. തുരങ്കപ്പാത യാർഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും.

തുരങ്കപാത യാഥാർത്ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിത്.

Post a Comment

Previous Post Next Post