മാരകമായ വിഷം, കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര നിരോധിച്ചു; വാസ്തവമറിയാം

 
കണ്ണൂർ ജില്ലയില്‍ ശർക്കര നിരോധിച്ച്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റൻറ് കമ്മീഷണർ ഉത്തരവിറക്കിയെന്ന വാദത്തോടെ ഒരു സന്ദേശം വാട്സ്‌ആപ്പില്‍ വൈറലാണ്.ഒരു പത്ര കട്ടിങ്ങാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നും എത്തുന്ന ശർക്കരയില്‍ അതിമാരകമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണർ സി.എ. ജനാർദ്ദനനാണ് നിരോധന ഉത്തരവ് ഇറക്കിയതെന്നും ഇതിലുണ്ട്. ഓണം വിപണി സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദേശം വൈറലായത്. പരിശോധനയില്‍ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.
വസ്തുതാ പരിശോധനയ്ക്കായി ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട്കണ്ണൂർ ജില്ലയിലെ കൂത്തുപറമ്ബ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡിലാണ് മാരക രാസവസ്തുക്കളായ റോഡാമിൻ ബി, ബ്രില്യന്റ് ബ്ലൂ എന്നിവയടങ്ങിയ ശർക്കര കണ്ടെത്തിയതെന്നാണ് വാർത്തയില്‍ പറയുന്നത്. ഇതേ പത്രവാർത്ത മൂന്ന് വർഷം മുൻപും ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതില്‍നിന്ന് വാർത്ത ഇപ്പോഴത്തേതല്ലെന്ന് വ്യക്തമായല്ലോ.
യഥാർത്ഥത്തില്‍, ഇങ്ങനെയൊരു ഉത്തരവ് ഉണ്ടായിരുന്നു എന്നത് ശരിയാണ്. 2019 ജുവരിയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇത്തരത്തില്‍ മായം കലർന്ന ശർക്കര നിരോധിച്ചത്. 
ഔദ്യോഗിക പ്രതികരണത്തിനായി കണ്ണൂർ അസിസ്റ്റൻറ് ഫുഡ്സേഫ്റ്റി കമ്മീഷണർ കെ സുജയനുമായി ബന്ധപ്പെട്ടു. നിലവില്‍ ജില്ലയില്‍ ഇത്തരത്തില്‍ ഒരു ഉത്തരവും നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്ന സന്ദേശം ഏതാനും വർഷങ്ങള്‍ക്ക് മുൻപ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതില്‍ പറയുന്ന ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ സി.എ. ജനാർദ്ദനൻ സർവ്വീസില്‍നിന്നു വിരമിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഒരു ഭക്ഷ്യ ഉത്പന്നവും പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതില്‍നിന്നു പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിക്കാം. 2019 ജനുവരിയിലെ വാർത്തയാണ് ഇപ്പോഴത്തേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

Post a Comment

Previous Post Next Post