സൗഹൃദം മഹാവൃക്ഷമായി വളരട്ടെ; ജില്ലയില്‍ ആഗസ്റ്റ് നാലിന് ഒന്നരലക്ഷം തൈകള്‍ നടും

കണ്ണൂർ :ചങ്ങാതിക്കായി ഒരുതൈ നട്ട് ആ സൗഹൃദത്തെ ഒരു മഹാവൃക്ഷമാക്കി മാറ്റിയാല്‍ അതൊരു പുതിയ അനുഭവമാകും. ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒന്നരലക്ഷം തൈകള്‍ ചങ്ങാതിമാരുടെ പേരില്‍ കൈമാറുകയും നട്ട് പിടിപ്പിക്കുകയും ചെയ്യും.പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബണ്‍ കേരളം എന്നീ ലക്ഷ്യങ്ങള്‍ മുൻനിർത്തി ഹരിത കേരളം മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജ് എൻ എസ് എസ് വിഭാഗം ഉല്‍പാദിപ്പിച്ച വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.
ജില്ലയില്‍ എല്ലാ ബ്ലോക്ക് തലങ്ങളിലും പഞ്ചായത്ത് തലങ്ങളിലും തൈ കൈമാറ്റത്തിന്റെ ഉദ്ഘാടനം നടക്കും. സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകള്‍ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ക്യാമ്ബയിനിന്റെ ജില്ലാതല നടീല്‍ ഉദ്ഘാടനം ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണിക്ക് പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജില്‍ സിനിമാ താരം കെ.യു മനോജ് നിർവ്വഹിക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ അധ്യക്ഷത വഹിക്കും. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകള്‍ നടും. പുതിയ നിരവധി പച്ചത്തുരുത്തുകള്‍ക്കും അന്ന് തുടക്കം കുറിക്കും. 2025 സെപ്റ്റംബർ 30 നകം ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ക്യാമ്ബയിൻ ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനകം 2,48,545 വൃക്ഷ തൈകള്‍ ജില്ലയില്‍ നട്ടുകഴിഞ്ഞു.

Post a Comment

Previous Post Next Post