ആശിര്‍നന്ദയുടെ മരണം; മുൻ പ്രിൻസിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ക്കെതിരെ കേസ്


പാലക്കാട്: ശ്രീകൃഷ്ണപുരം സെന്‍റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് അധ്യാപകർക്കെതിരെ കേസെടുത്ത് പോലീസ്.മുൻ പ്രിൻസിപ്പല്‍ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്. ജുവനൈല്‍ ജസ്റ്റീസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂണ്‍ 23നാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്.

മാർക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്‍റെ മനോവിഷമത്തിലാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് സ്കൂള്‍ വിട്ടെത്തിയ ആശി൪നന്ദയെ (14) രാത്രിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെയാണ് കുടുംബം സ്കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിൻസിപ്പല്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ സ്കൂള്‍ മാനേജ്മെന്‍റ് പുറത്താക്കിയിരുന്നു.

Post a Comment

Previous Post Next Post