ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാല്‍ അന്തരിച്ചു


കണ്ണൂർ: കണ്ണൂരിന്റെ ജനകീയ ഡോക്ടർ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാല്‍ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം.പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്ബലത്ത്.
രോഗികളില്‍നിന്ന് രണ്ടു രൂപ ഫീസ് മാത്രം വാങ്ങിയ കണ്ണൂരിന്റെ ജനകീയ ഡോക്ടറാണ് ശനിയാഴ്ച രാത്രി വിടവാങ്ങിയ രൈരു ഗോപാല്‍. 50 വർഷത്തിലേറെ രണ്ടു രൂപ മാത്രം വാങ്ങിയായിരുന്നു ചികിത്സ. സാധാരണക്കാരുടെ അത്താണിയായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും.
പുലർച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുന്പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. താണ മാണിക്കക്കാവിനടുത്ത് 'ലക്ഷ്മി' വീട്ടിലാണ് 10 വർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികള്‍മുതല്‍ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികള്‍ എത്തിയിരുന്നു.
2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റില്‍ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. 'എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്' ഇതായിരുന്നു ബോർഡിലെ കുറിപ്പ്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയൊരു ആഘാതമായിരുന്നു. 'രണ്ടു രൂപ ഡോക്ടറുടെ' ഈ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത് കേരളമാകെ ചർച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും ഡോക്ടറെ കുറിച്ച്‌ ലേഖനങ്ങള്‍ വന്നിരുന്നു.

Post a Comment

Previous Post Next Post