"മകനെ നഷ്ടപ്പെട്ട പ്രതീതി"; വിദ്യാര്‍ഥിയുടെ മരണത്തില്‍ നടപടിയെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അനാസ്ഥയുണ്ടെന്ന് തെളിഞ്ഞാല്‍ ഉത്തരവാദികളോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. സംഭവം അതീവ ദുഃഖകരമാണെന്നും വീട്ടിലെ ഒരു മകൻ നഷ്ടപ്പെട്ട പ്രതീതിയാണുള്ളതെന്നും ശിവൻകുട്ടി പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് ഷോക്കേറ്റ് മരിച്ചത്.
സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ എന്ന് പരിശോധിക്കും. സ്കൂള്‍ തുറക്കുന്നതിനു മുൻപേ പല തവണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് സ്കൂളില്‍ ഉറപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ നിർദേശം നല്‍കിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു സ്കൂള്‍ വളപ്പിനുള്ളിലൂടെ വൈദ്യുതി കമ്ബികടന്നു പോകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നുള്ളത്. വിഷയത്തില്‍ വൈദ്യുതി വകുപ്പ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.സ്കൂളിലെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാൻ ഹെഡ് മാസ്റ്റർക്കും പ്രിൻസിപ്പാളിനും എന്താണ് മറ്റ് ജോലി എന്നും സംസ്ഥാനത്തെ 14,000 സ്കൂളുകളെയും വിദ്യാഭ്യാസ ഡയറക്റ്റർക്ക് ശ്രദ്ധിക്കാനാകില്ലയെന്നും മന്ത്രി പറഞ്ഞു. മിഥുന്‍റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്നും എന്തൊക്കെ സഹായം വേണ്ടി വന്നാലും ചെയ്യുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post