ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയില്‍ ആമസോണ്‍, ഫ്ലിപ്കാർട്ട്, മീഷോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകള്‍ ദുരുപയോഗം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.
തങ്ങളുടെ ട്രേഡ്മാർക്കുകള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കുകയും വില്‍ക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്ന് കമ്ബനി വാദിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്ബനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നതില്‍ ബ്രാൻഡ് നാമങ്ങള്‍ക്കും ലോഗോകള്‍ക്കും നിർണായക സ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യഥാർത്ഥ ബ്രാൻഡഡ് ഉല്‍പ്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അവരുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുമെന്നും കോടതി ഊന്നിപ്പറഞ്ഞു.
Post a Comment