പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു, റാങ്ക് പട്ടികയില്‍ വൻമാറ്റം , ഒന്നാംറാങ്ക് ഉള്‍പ്പെടെ മാറി


തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണ് പുതിയ പട്ടികയില്‍ ഉണ്ടായത്.
കേരള സിലബസിലുള്ള കുട്ടികള്‍ പുതിയ പട്ടികയില്‍ പിന്നിലായി. ആദ്യ 100 റാങ്കില്‍ 21 പേർ മാത്രമാണ് കേരള സിലബസില്‍ നിന്നുള്ളത്. ഒന്നാം റാങ്കിലടക്കമാണ് മാറ്റമുണ്ടായിരിക്കുന്നത്. കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്‍ ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്.
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും പുതുക്കിയ റാങ്ക് ലിസ്റ്റ് വ്യാഴാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി ആർ. ബിന്ദു നേരത്തെ അറിയിച്ചിരുന്നു. പഴയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പറയാനാകില്ലെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post