കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12 ന് കണ്ണൂരില്‍; സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി


കണ്ണൂർ: ജൂലായ് 12 ന് കണ്ണൂരിലെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കുന്നതിൻ്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.തോക്കേന്തിയ എസ്. പി.ജി കമാൻഡോകള്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കും. മംഗ്ളൂര് പൊലിസിനാണ് സുരക്ഷാ സംവിധാനങ്ങളുടെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ യാത്രാ വഴിയിലാണ് കേരളാ പൊലിസ് സുരക്ഷ ഒരുക്കുക.
ക്ഷേത്രത്തിലും പൊലിസ് നിയന്ത്രണം ശക്തമാക്കും. മാധ്യമപ്രവർത്തകർ ഉള്‍പ്പെടെയുള്ളവരെ പ്രത്യേക പാസ് വഴിയെ അകത്തേക്ക് കടത്തിവിടുകയുള്ളു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലായ് 11-ന് രാത്രി 10 മണിയോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തും. ജൂലൈ 12-ന് അദ്ദേഹം നഗരത്തില്‍ രണ്ട് പ്രധാന പരിപാടികളില്‍ പങ്കെടുക്കും.
ആദ്യമായി, ബി.ജെ.പി.യുടെ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനുശേഷം, പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഒരു പൊതുപരിപാടിയിലും കേന്ദ്രമന്ത്രി പ്രസംഗിക്കും. ഈ പരിപാടികളില്‍ പങ്കെടുത്ത് ജൂലൈ 12 വൈകുന്നേരം നാല് മണിയോടെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മടങ്ങും.
എന്നാല്‍, അമിത് ഷാ നേരിട്ട് ഡല്‍ഹിയിലേക്ക് മടങ്ങില്ല. മടക്കയാത്രയില്‍ അദ്ദേഹം കണ്ണൂരില്‍ ഇറങ്ങുകയും പ്രശസ്തമായ തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദർശനം നടത്തുകയും ചെയ്യും. ക്ഷേത്ര സന്ദർശനത്തിന് ശേഷം രാത്രിയോടെയായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുക. ഇതിനിടെയില്‍ കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിലെ ബി.ജെ.പി കാര്യാലയത്തിലെത്തി അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുണ്ട്.

Post a Comment

Previous Post Next Post