തേങ്ങല്‍ ബാക്കിവച്ച്‌ ചൂരല്‍മല; ഉയിരെടുത്ത ഉരുളിന്‌ ഒരാണ്ട്‌


കല്‍പ്പറ്റ: ഒരു നാടിനെയാകെ ഭൂപടത്തില്‍നിന്ന്‌ തുടച്ചുമാറ്റിയ മഹാദുരന്തത്തിന്‌ ഇന്നേക്ക്‌ ഒരാണ്ട്‌. വയനാട്‌ ചൂരല്‍മലയില്‍ 2024 ജൂലൈയില്‍ അതിതീവ്രമഴയെ തുടര്‍ന്ന്‌ ആര്‍ത്തലച്ചെത്തിയ ഉരുള്‍ ഒരു നാടിനെ തന്നെ ഇല്ലാതാക്കുന്ന കാഴ്‌ചയായിരുന്നു.പുന്നപ്പുഴയുടെ ഇരുകരകളിലുമായി പുഞ്ചിരിമട്ടവും മുണ്ടക്കൈയും അട്ടമലയും ആറാമലയും ഉള്‍പ്പെടുന്ന ചൂരല്‍മല. ഒരു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 298 പേരുടെ മരണം രേഖപ്പെടുത്തിയ, രാജ്യം കണ്ടതില്‍ വച്ച്‌ തന്നെ എറ്റവും വലിയ മഹാദുരന്തമാണ്‌ ഇവിടെ നടന്നത്‌. 397 ഓളം പേര്‍ക്ക്‌ പരുക്കേറ്റെന്ന്‌ കണക്ക്‌. ഔദ്യോഗിക രേഖപ്രകാരം 47 പേരെ ഇനിയും കാണ്ടെത്തിയിട്ടില്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മേപ്പാടി നിവാസികള്‍ ഇനിയും മുക്‌തരായിട്ടുമില്ല.
എന്‍.ഡി.ആര്‍.എഫ്‌, പോലീസ്‌, ഫയര്‍ഫോഴ്‌സ്, എസ്‌.പി.ജി, കരസേന, നാവികസേന, കോസ്‌റ്റ് ഗാര്‍ഡ്‌, ദുരന്ത പ്രതികരണ സേന, യൂത്ത്‌ ഡിഫന്‍സ്‌, കടാവര്‍ ഡോഗ്‌സ്... പിന്നെ കേരളത്തിലെയും രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നുമുള്ള രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന മഹാദൗത്യമായിരുന്നു, മുണ്ടക്കൈ- ചൂരല്‍മല രക്ഷാകര്‍മം. 10000-ല്‍അധികം ആളുകളെ അടിയന്തരമായി 45 രക്ഷാ ക്യാമ്ബുകളിലേക്കു മാറ്റി. 4000ത്തില്‍ അധികമാളുകളെ ജീവനോടെ രക്ഷിക്കാനായി.
ഉരുള്‍ സകലതും വിഴുങ്ങിയെങ്കിലും നാട്‌ നടുങ്ങിയ ചൂരല്‍മല ദുരന്തത്തിന്‌ ഒരാണ്ട്‌ തികയുമ്ബോള്‍ ഉരുള്‍ പ്രാണനെടുക്കാത്തവര്‍ പതിയെ ജീവിതത്തിലേക്ക്‌ തിരിച്ചുനടക്കുകയാണ്‌. ദുരന്തം നടന്ന്‌ ഒരു മാസത്തിനകം ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും ആളുകളെ പുനരധിവാസ സ്‌ഥലങ്ങളിലേക്ക്‌ മാറ്റിയിരുന്നു. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും, ബന്ധുവീടുകളിലേക്ക്‌ മാറിയവര്‍ക്കും 6000 രൂപ വീതം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്‌. കൂടാതെ ക്യാമ്ബുകളില്‍ താമസിച്ചിരുന്നവര്‍ക്ക്‌ എസ്‌.ഡി.ആര്‍.എഫും സി.എം.ഡി.ആര്‍.എഫും ഉപയോഗിച്ച്‌ 10,000 രൂപയുടെ സഹായങ്ങള്‍ ആദ്യഘട്ടത്തില്‍ നല്‍കി. എല്ലാ ജീവനോപാധികളും നഷ്‌ടപ്പെട്ടവര്‍ക്ക്‌, ഒരു കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ രണ്ടുപേര്‍ക്ക്‌ 300 രൂപ വീതം അനുവദിച്ചു. പൂര്‍ണമായും ആശുപത്രിക്കിടക്കയില്‍ കഴിയുന്നവരുടെ സഹായികളായി ഒപ്പംനിന്നവര്‍ക്കും 300 രൂപ വീതം നല്‍കി. വിവിധ സംഘടനകളും രാഷ്‌ട്രീയ നേതൃത്വങ്ങളും സര്‍ക്കാരും ചേര്‍ന്ന്‌ ഇരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. ചില വ്യക്‌തികളും ചെറുസംഘടനകളും ഇതിനകം ഭവനനിര്‍മാണം പൂര്‍ത്തിയാക്കി.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദുരന്തബാധിതര്‍ക്കുള്ള ജീവനോപാധികള്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചു നല്‍കി. അടിയന്തിര ധനസഹായവും താല്‍ക്കാലിക താമസസൗകര്യങ്ങളും ഒരുക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പ്രാവീണ്യം കാട്ടിയെങ്കിലും സ്‌ഥിരം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ ആളുകള്‍ വ്യാകുലരാണ്‌. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ പത്തുലക്ഷം വീതം അടിയന്തര സഹായവും പരുക്കേറ്റവര്‍ക്ക്‌ മെഡിക്കല്‍ സഹായവും വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ പുനര്‍നിര്‍മാണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദുരന്തം നടന്ന്‌ ഒരാണ്ടായിട്ടും പ്രഖ്യാപനങ്ങള്‍ അങ്ങനെതന്നെ തുടരുകയാണ്‌.

Post a Comment

Previous Post Next Post