വാഗമണ്‍ അപകടം: ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് എംവിഡി, ചാര്‍ജിങ് സ്റ്റേഷൻ സ്ഥാപിച്ചതിലും അപാകം


വാഗമണ്‍: വഴിക്കടവിലെ ഇലക്‌ട്രിക് വാഹന ചാർജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാല് വയസ്സുകാരൻ മരിച്ച സംഭവത്തില്‍ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി.അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ഗുരുതരമായ വീഴ്ചവന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചതിലും വലിയ പാകപ്പിഴയുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.
ചെറിയൊരു കയറ്റത്തിലാണ് ചാർജിങ് സ്റ്റേഷൻ. ഡ്രൈവർ നിയന്ത്രിത വേഗത്തില്‍ കയറ്റം കയറുന്നതിനുപകരം അമിതമായി ആക്സിലറേറ്റർ നല്‍കി. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ ബ്രേക്കിന് പകരം വീണ്ടും ആക്സിലറേറ്റർ അമർത്തിയെന്നും ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നിരപ്പായ സ്ഥലത്തായിരുന്നെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ചാർജ് ചെയ്യാനെത്തുന്നവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം സ്റ്റേഷനില്‍ ഇല്ല.
ചാർജ് ചെയ്യാൻ വരുന്ന വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകള്‍ ഇല്ലായിരുന്നു. ചാർജിങ് സ്റ്റേഷനില്‍ മിനുസമുള്ള ടൈലാണ് ഇട്ടിരുന്നത്. മഴ പെയ്തതും പ്രശ്നമായി.
കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ആർ.ശ്യാം, മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ ബി.ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവരാണ് പരിശോധനകള്‍ നടത്തിയത്. ആർടിഒയ്ക്ക് റിപ്പോർട്ട് നല്‍കും.

Post a Comment

Previous Post Next Post