കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു.
പാലക്കാട് ആയിരുന്നു സംഭവം. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ എമിലീന(4), ആല്‍ഫിന്‍ (6)എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പൊള്ളലേറ്റ എല്‍സി മാര്‍ട്ടിന്റെ (37) നില ഗുരുതരമായി തുടരുന്നു. എല്‍സിയുടെ മകള്‍ അലീന (10), കുട്ടികളുടെ മുത്തശ്ശി ഡെയ്സിക്കും(65) പൊള്ളലേറ്റിരുന്നു.
ഇന്നലെ വൈകിട്ട് പാലക്കാട് ചിറ്റൂർ പൊല്‍പ്പുള്ളിയിലാണ് അപകടം ഉണ്ടായത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി എല്ലാവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ മേല്‍ നോട്ടത്തില്‍ ആശുപത്രിയിലെ ബേണ്‍ ICU വില്‍ ചികിത്സയിലാണ് പൊള്ളലേറ്റവര്‍.നഴ്‌സായ എല്‍സി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങുന്ന സമയത്താണ് അപകടം. വാഹനം സ്റ്റാര്‍ട്ട് ആക്കിയ സമയം പെട്രോള്‍ ടാങ്കിന്റെ ഭാഗത്ത് നിന്നും തീ പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ എല്‍സി രണ്ട് മക്കളെ താഴെ വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപടര്‍ന്നു.
ഇവരെ രക്ഷിക്കാനായി ഓടിയെത്തുന്നതിനിടെയാണ് മുത്തശ്ശിക്ക് പൊള്ളലേറ്റത്.കാറിന്റെ ഡോര്‍ അടഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അട്ടപ്പാടി സ്വദേശിയായ എല്‍സി നാല് വര്‍ഷം മുന്‍പാണ് അത്തികോട് താമസിക്കാനായി എത്തിയത്. ഇവരുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നര മാസം മുന്‍പ് അസുഖ ബാധിതനായി മരണപ്പെട്ടിരുന്നു. കുട്ടികള്‍ പൊല്‍പ്പുള്ളി കെവിഎം യുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
Post a Comment