എട്ട് മാറ്റങ്ങള്‍; ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി


കൊച്ചി: എട്ട് മാറ്റങ്ങളോ‌ടെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് പ്രദര്‍ശനാനുമതി. റീ എഡിറ്റ് ചെയ്‍ത പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചെന്നും അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‍റെ പേര് ജാനകി വി എന്ന് ചേര്‍ക്കും. സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറ്റിയിട്ടുണ്ട്.

സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ്‌ ചെയ്‍തു. വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്‍റെ പേര് ജാനകിയെന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്‍റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.

പീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്. ജാനകി എന്ന പേര് സിനിമയുടെ നിർമാതാക്കള്‍ ഉപയോഗിച്ചത് മനപ്പൂർവമാണെന്നാണ് സെൻസർ ബോർഡിന്‍റെ സത്യവാംഗ്‌മൂലം.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നും സെൻസർ ബോർഡിന്‍റെ സത്യവാംഗ്‌മൂലത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post