ലഖ്നൗ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്‌ഐ. ഉത്തർപ്രദേശ് പോലീസിലെ എസ്‌ഐയായ സാക്കിന ഖാൻ ആണ് പോക്സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ കീഴടക്കിയത്.
കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം.
നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമല്‍ കിഷോറിനെയാണ് സാക്കിന ഖാൻ അതിസാഹസികമായി പിടികൂടിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്ന കിഷോർ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് സാക്കിന ഖാൻ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവില്‍കഴിയുന്ന സ്ഥലത്തെത്തി. എന്നാല്‍, പോലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്.വെടിയേറ്റ് പരിക്കേറ്റ പ്രതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് കൗണ്‍സലിങ് നല്‍കാനും സാക്കിന ഖാൻ ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. പ്രതിയായ കിഷോർ നേരത്തേ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment