ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാവില്ല: ഹൈക്കോടതി

ഭര്‍ത്താവ് മരിച്ചാലും ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി (High Court). വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെതന്നെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും കോടതി പറഞ്ഞു.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തില്‍ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത വ്യക്തമാക്കി. ഭാര്യയ്ക്ക് താമസിക്കാനുള്ള അവകാശം നിയമം പ്രദാനം ചെയ്യുമ്പോള്‍ സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു.

ഭര്‍ത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവ് മരിച്ച യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.

2009ല്‍ ഭര്‍ത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഈ വീട്ടില്‍ത്തന്നെയാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാല്‍ സ്വന്തം വീട്ടിലെ സ്വത്ത് ഭാഗംവയ്പില്‍ മറ്റൊരു വീട് കിട്ടിയെന്നും അതിനാല്‍ യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ അവകാശമില്ലെന്നും കാട്ടി മറ്റുള്ളവര്‍ രംഗത്തു വരികയായിരുന്നു. യുവതി കോടതിയെ സമീപിച്ചെങ്കിലും ബന്ധുക്കള്‍ക്ക് അനുകൂലമായിരുന്നു വിധി. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീല്‍ യുവതിക്ക് അനുകൂലമായി വിധിച്ചു. ഇതു ചോദ്യം ചെയ്ത് ഭര്‍ത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും മാതാവും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

https://chat.whatsapp.com/EaIncmL4Tks9QxofD3wxqb

Post a Comment

Previous Post Next Post