പുല്ലാട് (പത്തനംതിട്ട): നാലുമണിക്ക്, സ്കൂളില്‍നിന്നെത്തിയ ഇതിഗ വീട്ടിനുള്ളിലേക്കുകയറിയതും ഉള്ളുലഞ്ഞുകരഞ്ഞു.അമ്മയ്ക്ക് ഒരു അപകടംപറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോള്‍ പറഞ്ഞുള്ളൂ. തലേന്നാള്‍ തലയില്‍ തലോടി ഉമ്മതന്ന് പടിയിറങ്ങിയ അമ്മ ഇനി ചിരിതൂകി തിരിച്ചെത്തില്ലെന്ന് ആ പിഞ്ചുമനസ്സ് വിശ്വസിച്ചില്ല.
കരഞ്ഞുതളർന്ന മുത്തശ്ശിയും സഹോദരനും ഇതിഗയെ കെട്ടിപ്പിടിച്ചു. 'അമ്മയ്ക്ക് ഒന്നുംപറ്റിയില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്രയും ആളുകള്‍' -ഇതിഗ ചോദിച്ചു. എനിക്ക് അമ്മമാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് അലമുറയിട്ടു. കണ്ടുനിന്നവരുടെ ഉള്ളുപിടിഞ്ഞു.
അമ്മയോട് ഒന്ന് സംസാരിക്കണമെന്ന് വാശിപിടിച്ചുകരഞ്ഞ പെണ്‍കുട്ടി, ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ഞങ്ങളുടെ അടുത്തുവന്ന് ചോദിച്ചു; 'അമ്മയാണോ വിളിക്കുന്നെ... വിളിച്ചാല്‍ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ...'
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായരുടെ (40) ഇളയമകളാണ് ഇതിഗ വി. കുറുപ്പ്. രാത്രി വൈകുംവരെയും അമ്മയ്ക്ക് ഒന്നുംപറ്റിയിട്ടില്ലെന്നുപറഞ്ഞ്, കരഞ്ഞുതളർന്ന്, മുത്തശ്ശി തുളസിയുടെ ഒപ്പം അവള്‍ ഇരുന്നു. രഞ്ജിതയുടെ മകൻ ഇന്ദുചൂഢനും തകർന്നുപോയിരുന്നു. 'അത്യാഹിതവിഭാഗത്തിലായാലും കുഴപ്പമില്ല, അമ്മയോട് ഒന്ന് മിണ്ടാൻപറ്റുമോ' അവൻ പലരോടും ചോദിച്ചു.
Post a Comment