അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേർ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്.വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാർഥികളും ഉള്‍പ്പെടുന്നു.
അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎൻഎ ശേഖരിക്കുന്നുണ്ട്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഹമ്മദാബാദിലെത്തുമെന്നാണ് വിവരം.
Post a Comment