ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഇവരുടെ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍.ദുബായില്‍ നിന്ന് മുംബൈയില്‍ വന്ന് വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ‌‌ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ശനിയാഴ്ച ഇവരെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം.

ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ ഭര്‍തൃമാതാവായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ ഇവരെ വ്യാജ ലഹരി കേസില്‍ കുടുക്കുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ നാരായണദാസ് അറസ്റ്റിലായതിന് പിന്നാലെയാണ് ലിവിയയുടെ പങ്ക് തെളിയുന്നത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.‌

2023 മാർച്ച്‌ 27നാണ് കേസിനാസ്പദമായ സംഭവം. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്ബുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇവർ 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.

എന്നാല്‍ രാസപരിശോധന ഫലത്തില്‍ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

Post a Comment

Previous Post Next Post