അടിമാലി: തേങ്ങവില റെക്കോർഡ് ഉയരത്തിലെത്തിയതോടെ പച്ചത്തേങ്ങക്കൊപ്പം കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വില വർധിച്ചു.ചിരട്ടയ്ക്കും ചകിരിക്കും ആവശ്യക്കാർ വർധിച്ചതോടെ തേങ്ങ കിട്ടാക്കനിയായി മാറുന്ന സ്ഥിതിയാണ്. വലിപ്പത്തിനനുസരിച്ച് തേങ്ങ ഒന്നിന് 35 മുതല്‍ 40 രൂപവരെ കച്ചവടക്കാർ നല്‍കുന്നുണ്ട്. കിലോഗ്രാമിന് 90 രൂപക്കാണ് ചില്ലറ വില്‍പ്പന.
കിലോക്ക് 230 മുതല്‍ 240 വരെ ലഭിക്കുന്നുണ്ടെങ്കിലും കൊപ്ര കിട്ടാനില്ലാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണ ലിറ്ററിന് 450 കടന്നു. ചിരട്ട കിലോഗ്രാമിന് 25 രൂപ നല്‍കി ആവശ്യക്കാർ കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടില്‍ ചിരട്ടക്കും , ചകിരിക്കും അവശ്യക്കാർ വർധിച്ചതാണ് കാരണം. മാളുകളില്‍ പ്ലാസ്റ്റിക്-പേപ്പർ കപ്പുകള്‍ക്കു പകരമായി ചായ നല്‍കാൻ ചിരട്ടകൊണ്ടുള്ള കപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കർഷകർ പറയുന്നു.
രോഗബാധയും കാലാവസ്ഥ വ്യതിയാനവും തിരിച്ചടി
മണ്ഡരിയും കൂമ്ബുചീയലും വെള്ളീച്ചയും മഞ്ഞളിപ്പും ബാധിച്ച് തേങ്ങ ഉല്‍പാദനം പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. കാറ്റുവീഴ്ച ബാധിച്ചതോടെ ആയിരക്കണക്കിനു തെങ്ങുകളാണ് വെട്ടിമാറ്റിയത്. കാലാവസ്ഥ വ്യതിയാനവും ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നാടൻ തെങ്ങുകള്‍ക്കു പകരം പെട്ടെന്നു കായ്ക്കുന്ന അത്യുല്‍പാദന ശേഷിയുള്ള തെങ്ങുകള്‍ക്കാണ് രോഗം പെട്ടെന്നു പിടിപെടുന്നത്. ഒരുകാലത്ത് നാടൻതെങ്ങുകള്‍ ഉപേക്ഷിച്ച് അത്യുല്‍പാദന ശേഷിയുള്ള തെങ്ങുകള്‍ മാത്രം വച്ചുപിടിപ്പിച്ചിരുന്നു.
Post a Comment