ജോലിക്കിടെ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു; കണ്ടക്ടറുടെ ഇടപെടലില്‍ ഒഴിവായത് വൻ അപകടം


ഇരിട്ടി : ജോലിക്കിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു. കണ്ടക്ടരുടെ അവസരോചിത ഇടപെടലില്‍ വൻ അപകടം ഒഴിവായി. തലശേരി- മാട്ടറ റൂട്ടില്‍ സർവീസ് നടത്തുന്ന മോനിഷ ബസ് ഇന്നലെ രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡില്‍ എത്തിയപ്പോഴാണ് സംഭവം.ഈ സമയം ഡ്രൈവർ ശിവപുരം സ്വദേശി അശ്വന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ബസ് പിന്നിലേക്ക് പോകുന്നത് ശ്രദ്ധയില്‍പെട്ട ക്ലീനറാണ് സംഭവം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തിയത് .

അപകടം മനസിലാക്കിയ കണ്ടക്ടർ ഉരുവച്ചാല്‍ സ്വദേശി സായൂജ് ഉടൻ ഹാൻബ്രേക്കിട്ട് വണ്ടി നിർത്തി അപകടം ഒഴിവാക്കുകയായിരുന്നു.

ക്ലീനർ മാലൂർ സ്വദേശി പ്രവീണും സായൂജും യാത്രക്കാരും ചേർന്ന് അശ്വന്തിനെ ആശുപത്രിയിലേക്ക് മാറ്റി. ബിപി കുറഞ്ഞതാണ് ഡ്രൈവർ കുഴഞ്ഞുവീഴാൻ കാരണം. ബസില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുമായി പോകുമ്ബോഴായിരുന്നു സംഭവം. ബസ് വേഗതയില്‍ അല്ലാതിരുന്നതും തൊഴിലാളികളുടെ അവസരോചിത ഇടപെടലുമാണ് വലിയ അപകടം ഒഴിവാക്കിയത്.

Post a Comment

Previous Post Next Post