വറുതികളൊടുങ്ങാത്ത തീരദേശത്ത് ഇന്നുമുതല്‍ ട്രോളിംഗ് നിരോധനം


കാസർഗോഡ്: കടലിലെ മീനിന്‍റെ കുറവും വർധിച്ചുവരുന്ന ജീവിതച്ചെലവുകളും മണ്ണെണ്ണ ക്ഷാമവുമെല്ലാം കൊണ്ട് പൊറുതിമുട്ടുന്ന തീരദേശത്ത് ഇന്നുമുതല്‍ ട്രോളിംഗ് നിരോധനക്കാലം.
ഇന്ന് അർധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസമാണ് ഇത്തവണ ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിട്ടുള്ളത്.

മീൻപിടിത്ത ബോട്ടുകള്‍ക്കും ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ക്കുമാണ് ഈ കാലയളവില്‍ കടലില്‍ പോകാൻ നിരോധനമുള്ളത്. ഇതോടെ ഇവയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികള്‍ വറുതിയിലാകും. ഇതരസംസ്ഥാന തൊഴിലാളികള്‍ മറ്റു തൊഴിലുകള്‍ക്ക് പോകുമെങ്കിലും മത്സ്യബന്ധന മേഖലയെ മാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന പരമ്ബരാഗത തൊഴിലാളികളാണ് ബുദ്ധിമുട്ടിലാകുക. ഈ കാലയളവില്‍ സർക്കാർ സൗജന്യറേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പലപ്പോഴും കൃത്യമായി ലഭിക്കാറില്ല.

കിട്ടിയാലും മറ്റു ജീവിതച്ചെലവുകളെല്ലാം കുത്തനെ ഉയരുന്ന കാലത്ത് അതുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല.

ട്രോളിംഗ് നിരോധനകാലത്ത് പരമ്ബരാഗത തോണികള്‍ക്കും ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും വിലക്കില്ലാത്തതിനാല്‍ പരമ്ബരാഗത മത്സ്യത്തൊഴിലാളികളിലേറെയും ആ വഴിക്ക് തിരിയുകയാണ് പതിവ്.

അതേസമയം കർണാടകയില്‍ നിന്നും മറ്റും നിരോധനം ലംഘിച്ചെത്തുന്ന വലിയ ബോട്ടുകളും കടലില്‍ കൃത്രിമ വെളിച്ചം തെളിച്ചും മറ്റുമുള്ള അനധികൃത മീൻപിടിത്ത രീതികളും അതിനും പ്രതിബന്ധമാകുന്നു. മഴയും കാറ്റും വന്നാല്‍ അപകടസാധ്യതയും കൂടുതലാണ്. അനധികൃത മീൻപിടിത്തം തടയുന്നതിനും രക്ഷാപ്രവർത്തനങ്ങള്‍ക്കുമായി ജില്ലയിലെ മടക്കര, മഞ്ചേശ്വരം തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച്‌ പട്രോളിംഗ് ബോട്ടുകളും കീഴൂർ തുറമുഖത്ത് ഫൈബർ തോണിയും സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post