ലോർഡ്സ്: 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക്. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളിൽ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല. കഴിഞ്ഞ വർഷം ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിയിൽ വേദനിച്ച ആരാധകർക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ൽ ബംഗ്ലാദേശിൽ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വർഷങ്ങൾക്കിപ്പുറം ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു ഐസിസി കിരീടം കൂടി.സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപ്പണർ ഏയ്ഡൻ മാർക്രത്തിന്റെ ഇന്നിങ്സിന് ഇനി പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം. 207 പന്തുകൾ നേരിട്ട മാർക്രം 136 റൺസെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാൻ ആറു റൺസ് വേണ്ടിയിരുന്നപ്പോൾ കൂറ്റനടിക്ക് ശ്രമിച്ച മാർക്രത്തിന് പിഴയ്ക്കുകയായിരുന്നു.
കാലിലെ പേശീവലിവ് അലട്ടിയിട്ടും ടീമിനായി ക്രീസിൽ തുടർന്ന ക്യാപ്റ്റൻ ടെംബ ബവുമയുടെ ഇന്നിങ്സിന് കൈയടിക്കാതിരിക്കുന്നതെങ്ങിനെ. മൂന്നാം വിക്കറ്റിൽ മാർക്രം - ബവുമ സഖ്യം കൂട്ടിച്ചേർത്ത 147 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് കിരീട വിജയത്തിൽ നിർണായകമായത്. 134 പന്തുകൾ കീസിൽ നിന്ന് 66 റൺസെടുത്താണ് ബവുമ മടങ്ങിയത്. അഞ്ചു ബൗണ്ടറികളടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. 21 റൺസുമായി ഡേവിഡ് ബെഡിങ്ങാമും നാലു റൺസുമായി കൈൽ വെരെയ്നും പുറത്താകാതെ നിന്നു.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പ്രോട്ടീസിന് ടെംബ ബവുമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച അവർക്ക് നാലു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും വിക്കറ്റ് നഷ്ടമായി. ബവുമയെ, പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടികൂടുകയായിരുന്നു. തുടർന്ന് മാർക്രത്തിന് പിന്തുണ നൽകി ക്രീസിൽ തുടർന്ന ട്രിസ്റ്റൻ സ്റ്റബ്ബ്സിനെ സ്റ്റാർക്ക് പുറത്താക്കി. 43 പന്തുകൾ നേരിട്ട് എട്ടു റൺസായിരുന്നു സ്റ്റബ്ബ്സിന്റെ സമ്പാദ്യം.
Post a Comment