ഇടുക്കി: പീരുമേടിന് സമീപം വനത്തിനുള്ളില്‍ വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സീത (54) ആണ് മരിച്ചത്.
വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോള്‍ കാട്ടാന ആക്രമിച്ചതാണെന്നായിരുന്നു സീതയുടെ ഭർത്താവ് ബിനു പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് കാട്ടാന ആക്രമിച്ചുവെന്ന് പറഞ്ഞാണ് ബിനുവും രണ്ട് മക്കളും ചേർന്ന് സീതയെ വനംവകുപ്പിന്റെ വാഹനത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും സീത മരിച്ചിരുന്നു. വനംവകുപ്പിന്റെ പരിശോധനയില്‍ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആശുപത്രി അധികൃതർ വീട്ടമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.സീതയുടെ ശരീരത്തില്‍ വന്യമൃഗങ്ങള്‍ ആക്രമിച്ചതിന്റെ സൂചനകള്‍ ഇല്ലായിരുന്നു. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്നതിന്റെ പാടുകള്‍ ഉണ്ട്. തലയില്‍ മൂന്ന് മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ വലതുഭാഗത്തെയും ഇടതുഭാഗത്തെയും പരിക്കുകള്‍ കൈകൊണ്ട് ശക്തിയായി പിടിച്ച് മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതില്‍ നിന്നുണ്ടായതാണെന്നാണ് പോസ്റ്റുമോർട്ടത്തിലുള്ളത്. തലയ്ക്ക് പിന്നിലെ പരിക്ക് നാലടിയോളം താഴ്‌ചയുള്ള ഭാഗത്തേയ്ക്ക് വീഴുകയും തുടർന്ന് പാറപോലുള്ള പ്രതലത്തില്‍ ഇടിച്ചതിന്റേതുമാണെന്നും പോസ്റ്റുമോർട്ടത്തില്‍ വ്യക്തമാക്കുന്നു. കഴുത്തില്‍ ശക്തിയായി അമർത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മുഖത്ത് അടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. വാരിയെല്ലുകള്‍ തകർന്നിട്ടുണ്ട്. കാലില്‍ പിടിച്ച് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
13ഉം 14ഉം വയസുള്ള മക്കള്‍ കാട്ടാന ആക്രമണം കണ്ടില്ലെന്നായിരുന്നു ബിനു പൊലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. സീത മുന്നില്‍ നടന്നുപോകുമ്ബോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പുറകെ വന്ന തന്നെ കാട്ടാന എടുത്തെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ തന്നെയാണെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനു.
Post a Comment