വൈദ്യുതിയില്ലാത്ത് കുടുംബങ്ങള്‍ക്ക് 6 ലിറ്റര്‍ മണ്ണെണ്ണ; പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍; വിതരണം നാളെ മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്ത നാളെ മുതല്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍.മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് മന്ത്രി പറഞ്ഞു. മണ്ണെണ്ണ വിതരണത്തില്‍ ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഇന്നലെ ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചു എന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നാളെ മുതലാണ് മണ്ണെണ്ണ വിതരണം ആരംഭിക്കുക. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയയെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവ് വരുത്തുകയാണെന്നും ജി ആർ അനില്‍ പറഞ്ഞു.
ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റർ മണ്ണെണ്ണ ഈ വർഷത്തെ ആദ്യപാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റർ മണ്ണെണ്ണയും എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകള്‍ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമായിരുന്നു.

Post a Comment

Previous Post Next Post