ആലക്കോട്: കണ്ണൂരിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നോവായി മാറിയ ബോംബാക്രമണത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഡോക്ടർ അസ്ന പുതിയ ജീവിതത്തിലേക്ക് കടക്കുന്നു.
ആലക്കോട് അരങ്ങം വാഴയില്‍ വീട്ടില്‍ വി.കെ.നാരായണന്റെയും ലീന നാരായണന്റെയും മകനും ഷാർജയില്‍ എൻജിനീയറുമായ നിഖിലാണ് വരൻ.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ, 2000 സെപ്റ്റംബർ 27നു ബോംബേറിലാണ് 6 വയസ്സുകാരി അസ്നയ്ക്കു കാല്‍ നഷ്ടപ്പെട്ടത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എല്‍പി സ്കൂള്‍ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു. അസ്നയുടെ വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. മൂന്നു മാസം വേദന കടിച്ചമർത്തി ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. അക്കാലത്തു ഡോക്ടർമാരില്‍ നിന്നു ലഭിച്ച സ്നേഹവും പരിചരണവുമാണ് ഡോക്ടറാവുകയെന്ന ആഗ്രഹം വളർത്തിയത്. എന്നാലിത് പാഴ്ക്കിനാവെന്ന് സഹതപിച്ചവരുണ്ട്. പക്ഷേ, നാടും നാട്ടുകാരും പ്രിയപ്പെട്ടവരും ഒപ്പം നിന്നു. മകളെ നോക്കാൻ അച്ഛൻ നാണു കട നിർത്തി വീട്ടിലിരുന്നു.
തോളിലെടുത്താണ് അച്ഛൻ സ്കൂളിലെത്തിച്ചത്. കൃത്രിമക്കാലില്‍ വിജയത്തിലേക്കു കുതിച്ചു അവള്‍. ആഗ്രഹം പോലെ
എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തില്‍ മികച്ച വിജയം നേടിയ അസ്ന 2013 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് ചേർന്നു ഡോക്ടറായി. ക്ലാസ് മുറിയിലേക്കു പടി കയറാൻ ബുദ്ധിമുട്ടിയപ്പോൾ സർക്കാർ ലിഫ്റ്റ് നിർമിച്ചു നല്‍കി. കൃത്രിമക്കാല്‍ ശരീരവുമായി ഇണങ്ങിച്ചേരാത്തതിന്റെ വേദനയും അസ്വസ്ഥതയും ഇപ്പോഴുമുണ്ടെങ്കിലും ഇപ്പോള്‍ വടകരയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായി ജോലി ചെയ്തു വരികയാണ് അസ്ന. ഏറെക്കാലം ചെറുവാഞ്ചേരി പി.എച്ച്.സിയിലും ഇവർ ജോലി ചെയ്തിരുന്നു.
Post a Comment