5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്ബത്തില്‍ കുലുങ്ങി വടക്കൻ ഇറാനിലെ സെംനാൻ പ്രദേശം. റിപ്പോർട്ടുകള്‍ പ്രകാരം സെംനാനില്‍ നിന്ന് 27 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂകമ്ബം ഉണ്ടായത്.10 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്ബനം നടന്നത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ചെറിയ നാശനഷ്ടങ്ങള്‍ മാത്രമേയുള്ളൂവെന്നും ഇറാന്റെ വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. ആണവായുധം ഉണ്ടാക്കുന്നു എന്ന ആരോപണമുന്നയിച്ച് ഇസ്രയേല്‍ ഇറാനെ ആക്രമിക്കുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘർഷങ്ങള്‍ നിലനില്‍ക്കുന്നതിനും ഇടയിലാണ് ഭൂകമ്ബം ഉണ്ടായത്. ഇത് ടെഹ്‌റാൻ ആണവായുധം പരീക്ഷിച്ചത് കൊണ്ട് സംഭവിച്ചതാണോ എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇറാന്‍റെ സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള സെംനാൻ ബഹിരാകാശ കേന്ദ്രവും സെംനാൻ മിസൈല്‍ സമുച്ചയവും ഈ പ്രദേശത്തായിട്ടാണ് സ്ഥിതി ചെയ്യുന്നതെന്നത്, ഊഹോപോഹങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന കാരണങ്ങളായി സോഷ്യല്‍ മീഡിയയില്‍ അടക്കം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എന്നാല്‍, ഇറാൻ സ്ഥിരം ഭൂകമ്ബങ്ങള്‍ നേരിടുന്ന രാജ്യമാണെന്ന മറുവാദവും ഉന്നയിക്കപ്പെടുന്നുണ്ട്. ഇറാനില്‍ സാധാരണയായി ഒരു വർഷം 2,100 ഭൂകമ്ബങ്ങള്‍ ഉണ്ടാകാറുണ്ട്. അതില്‍ പതിനഞ്ചോ പതിനാറോ ഭൂകമ്ബങ്ങള്‍ റിക്ടർ സ്കെയിലില്‍ 5.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രത രേഖപ്പെടുത്തുന്നവയാണ്. 2006 നും 2015 നും ഇടയില്‍ രാജ്യത്ത് 96,000 ഭൂകമ്ബങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍.അതേസമയം, യുഎസ് ജിയോളജിക്കല്‍ സർവേ (യുഎസ്ജിഎസ്), കോംപ്രിഹെൻസീവ് ന്യൂക്ലിയർ-ടെസ്റ്റ്-ബാൻ ട്രീറ്റി ഓർഗനൈസേഷൻ (സിടിബിടിഒ) എന്നിവരും ഭൂകമ്ബ ശാസ്ത്രജ്ഞരും ആണവ പരീക്ഷണം നടന്നെന്ന ഊഹാപോഹങ്ങള്‍ പാടെ തള്ളിയിട്ടുണ്ട്.
Post a Comment