ബസുകളില്‍ വേസ്റ്റ് ബിൻ: സ്വകാര്യ കമ്പനികളുമായി കൈകോര്‍ക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

കോഴിക്കോട്: ബസ് സ്റ്റാൻഡുകളും ഡിപ്പോകളും മാലിന്യരഹിതമാക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി കൈകോർക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി.സ്വകാര്യ സ്പോണ്‍സർഷിപ്പോടെ ദീർഘദൂര ബസുകളില്‍ വേസ്റ്റ് ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്ബനികളുമായി ധാരണയിലെത്തി.
ഡിപ്പോകളില്‍ പച്ച, നീല, ചുവപ്പ് നിറങ്ങളില്‍ 600 വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാൻ മുത്തൂറ്റ് മിനി ഫിനാൻസുമായാണ് ധാരണ. 2000 വേസ്റ്റ് ബിന്നുകള്‍ ബസിനുള്ളില്‍ സ്ഥാപിക്കാനും ധാരണയായിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി മാർക്കറ്റിങ് വിഭാഗം അറിയിച്ചു. മറ്റ് സ്വകാര്യ കമ്ബനികളുമായും ചർച്ച തുടരുകയാണ്.
ദീർഘദൂര ബസുകളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്താനുമാണ് കെ.എസ്.ആർ.ടി.സി നീക്കം.
ഇതിൻറെ ആദ്യഘട്ടമായി 10 ദീർഘദൂര ബസുകളില്‍ വേസ്റ്റ് ബിൻ സ്ഥാപിച്ചു കഴിഞ്ഞു. ബസുകളില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും റോഡിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post